കണ്ണൂർ: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാർഥികൾ അക്ഷരമുറ്റത്തേക്ക് മടങ്ങിയെത്തി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് കുട്ടികളെ സ്വാഗതം ചെയ്തത്.
പൂക്കളാലും ബലൂണുകളാലും അലങ്കരിക്കപ്പെട്ട ക്ലാസ് മുറികളും സ്കൂൾ പരിസരവും പ്രവേശനോത്സവത്തെ കുടുതൽ വർണാഭമാക്കി. നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണമായി മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയായി. കണ്ണൂർ ഡിഡിഇ ഡി. ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. രവീന്ദ്രൻ നവാഗതരെ സ്വീകരിച്ചു. പെൺപൊലിക മങ്ങാട്ടിടത്തിന്റെ ശിങ്കാരിമേളം, എസ് എസ്കെ കണ്ണൂർ രാഗലയം മ്യൂസിക് ഇവനന്റിന്റെ സംഗീതവിരുന്ന് എന്നിവ അരങ്ങേറി.
കണ്ണൂർ: ബഡ്സ് സ്കൂൾ ജില്ലാ പ്രവേശനോത്സവം മുണ്ടേരി ബഡ്സ് സ്കൂളിൽ ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശിഷ്ടാതിഥിയായിരുന്നു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍: അക്ഷരലോകത്തേക്ക് കടന്നുവന്ന നവാഗതരായ കുരുന്നുകള്‍ക്ക് തൊപ്പിയും അക്ഷരക്കാര്ഡും നല്കി ബാൻഡ് മേളത്തോടെ സ്വീകരണം. പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് മേരീസ് യുപി സ്കൂളിന്റെ പ്രവേശനോത്സവമാണ് വര്‍ണാഭമാക്കിയത്. കുട്ടികള്‍ക്കായി ഒരുക്കിയ സ്വീകരണ ചടങ്ങ്്പയ്യന്നൂര് മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.വി. ഷീബ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സൂര്യ രാഘവന് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഷെറിന് മാത്യു, മുഖ്യാധ്യാപിക സിസ്റ്റര്‍ ഷാന്റ് ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി സിന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. അവധിക്കാലത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് കുറിപ്പുകളെഴുതിയ കുട്ടികള്‍ക്ക് സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഗ്രേസ് ആന്റണി സമ്മാനങ്ങള്‍ നല്കി.
കൂട്ടുമുഖം: പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന കുരുന്നു വിദ്യാർഥികൾക്ക് കൂട്ടുമുഖം എംസിസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമ്മാനമായി പുത്തൻ ബാഗും കുടകളും മറ്റ് പഠനോപകരണങ്ങളും നൽകി.
ലിസിഗിരി ഇടവക വികാരി ഫാ. തോമസ് ചിന്താർമണിയിൽ പരിപാടി ഉദ്ഘാടനം ചെയ്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ റെജീന, ട്രസ്റ്റ് സെക്രട്ടറി ഷൈനി പ്രദീപ് കണ്ടത്തിൽ, ട്രസ്റ്റ് ട്രഷറർ ഷാജൻ ചെത്തിപ്പുഴ എന്നിവർ പ്രസംഗിച്ചു. ക്വീൻമേരി ഹോമിയോ ക്ലിനിക്കിലെ സിസ്റ്റർ ഡോ. ഷാനി എസ്കെഡി, സഭാംഗം സിസ്റ്റർ റാണി, ട്രസ്റ്റ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
തലശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം
മഞ്ഞളാംപുറം: തലശേരി അതിരൂപത കോർപറേറ്റ്തല പ്രവേശനോത്സവം മലയോര മേഖലയിലെ ആദ്യകാല വിദ്യാലയമായ മഞ്ഞളാംപുറം യുപി സ്കൂളിൽ നടന്നു. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. എം. ഐസക് റോബിൻ, ജോണി പാന്പാടിയിൽ, സുനിത വാത്യാട്ട്, കെ.എച്ച്. ബഷീർ, ഷീന പ്രശാന്ത്, ഐറിൻ തെരേസ എന്നിവർ പ്രസംഗിച്ചു.
മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ. ജിജോ പള്ളിക്കുന്നേൽ നന്ദിയും പറഞ്ഞു. ബാൻഡ് മേളത്തിന്റെ അകടന്പടിയോടെ വിശിഷ്ടാതിഥികളെയും നവാഗതരെയും സ്കൂളിലേക്ക് ആനയിച്ച് സ്വീകരിച്ച ശേഷമായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.